Phone
+91 9037440040
Email
chancellorchry@gmail.com

ശബ്ദത്തിന്റെ ലോകത്തേക്ക് ഒരു പുനർജന്മമായി ശ്രുതിതരംഗം പദ്ധതി*

Monday 19 January 2026

*ശബ്ദത്തിന്റെ ലോകത്തേക്ക് ഒരു പുനർജന്മമായി ശ്രുതിതരംഗം പദ്ധതി* കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ​ഗുരുതരമായ ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയും പുനരധിവാസവും നൽകുന്ന സർക്കാർ പദ്ധതിയാണ് ശ്രുതിതരം​ഗം. ജന്മനാ ശ്രവണശക്തിയില്ലാതെ ജനിക്കുന്ന കുട്ടികൾക്ക് സംസാരിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കും. പലപ്പോഴും ഈ പ്രശ്നം വളരെ വൈകിയായിരിക്കും തിരിച്ചറിയുന്നത്. ആദ്യ മൂന്ന് വർഷങ്ങളിൽ തന്നെ ശബ്ദലോകത്തിേക്കുള്ള കൃത്യമായ ഇടപെടൽ എക്കാലത്തേക്കുമൊരു മാറ്റം സൃഷ്ടിക്കാനാണ് സാധ്യത. ഈ പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയമായ പരിഹാരമാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ. കേൾവിശക്തി നഷ്ടപ്പെട്ട കൊച്ചുകുട്ടികൾക്ക് ശബ്ദത്തിൻ്റെ ലോകത്തേക്ക് തിരിച്ചുവരാനുള്ള പുതിയ പ്രതീക്ഷയാണ് കേരള സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതി. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഒരു പ്രധാന ആരോഗ്യപദ്ധതിയാണ് ഇത്. ജന്മനാലോ ബാല്യകാലത്തുണ്ടായതോ ആയ കനത്ത ശബ്ദനഷ്ടം അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും തുടർന്ന് ശ്രവണ – സംസാര പരിശീലനവും നൽകുന്നതാണ് പദ്ധതി. വാർഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന അഞ്ചുവയസുവരെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പുനരധിവാസവും നൽകുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സർക്കാർ ആശുപത്രികളിലൂടെയും ഈ മേഖലയിലെ തിരഞ്ഞെടുത്ത എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലൂടെയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക, സംസ്ഥാന തല സാങ്കേതിക സമിതികൾ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാൻ്റ് നൽകുക, എംപാനൽ ചെയ്ത ആശുപത്രികളോ കേന്ദ്രങ്ങളോ വഴി കുട്ടികളെ പരിശീലിപ്പിക്കുക, ഓഡിറ്ററി വെർബൽ ഹാബിലിറ്റേഷന് സാമ്പത്തിക സഹായം നൽകുക എന്നിവയുംം പദ്ധതിയുടെ ഉദ്ദേശമാണ്. *പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികൾ* 1.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. 2.ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്. 3.ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം. 4.കിംസ് ആശുപത്രി, തിരുവനന്തപുരം. 5.മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി. 6.എറണാകുളം നൗഷാദ്‌സ് ഇ.എൻ.ടി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ 7.വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി, തൃശൂർ. 8.ഡോ. മനോജ്‌സ് ഇ.എൻ.ടി സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ, കോഴിക്കോട്. 9.മിംസ് ആശുപത്രി, കോഴിക്കോട്. 10.അസെന്റ് ഇ.എൻ.ടി ആശുപത്രി, പെരിന്തൽമണ്ണ *ആവശ്യമുള്ള രേഖകൾ* തിരിച്ചറിയൽ രേഖ കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് ബിപിഎൽ കാർഡിന്റെ പകർപ്പ് (ആവശ്യമെങ്കിൽ) റേഷൻ കാർഡിന്റെ പകർപ്പ് (ആവശ്യമെങ്കിൽ) താമസ സർട്ടിഫിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് *ശ്രുതിതരംഗം പദ്ധതിയുടെ അപേക്ഷാ നടപടിക്രമം* അപേക്ഷകർക്ക് സർക്കാർ എംപാനൽ ചെയ്ത ആശുപത്രികൾ വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർക്ക് അയച്ച് കൊടുക്കുകയും ആകാം. *പ്രാഥമിക പരിശോധന* കുട്ടിയ്ക്ക് ശ്രവണ പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ ആദ്യം ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണിക്കുക. സർക്കാർ ആശുപത്രികളിൽ ശബ്ദ സ്ക്രീനിംഗ് സേവനം ലഭ്യമാണ്. ഓഡ്യോളജി പരിശോധന, ബിഇആർഎ (ബ്രെയിൻസ്റ്റെം എവോക്ഡ് റെസ്പോൺസ് ഓഡിയോമെട്രി) തുടങ്ങിയ പരിശോധനകൾ നിർബന്ധമാണ്. കേൾവി നഷ്ടം ബൈലാറ്ററൽ സിവിയർ ടു പ്രൊഫൗണ്ട് സെൻസോറി‌ ന്യുറൽ ഹിയറിംഗ് ലോസ് ആണെന്ന് സ്ഥിരീകരിക്കാൻ ഇഎൻടി വിഭാഗവും, ഓഡിയോലജിസ്റ്റും ചേർന്ന് പരിശോധന നടത്തും. കുട്ടി ശസ്ത്രക്രിയക്ക് ഫിറ്റാണോ എന്നത് പരിശോധിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് നേരിട്ട് സമർപ്പിക്കാം. അപേക്ഷാ ഫോം കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം, കേരളം-695012 ഫോൺ നമ്പർ – 0471 2341200, എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. മറ്റ് വിവരങ്ങൾ കോക്ലിയർ ഇംപ്ലാന്റേഷനായി കുട്ടികളെ പ്രാദേശിക, സംസ്ഥാന തല സാങ്കേതിക സമിതികൾ തിരഞ്ഞെടുക്കും. മൂന്നു വയസ്സിന് മുകളിലുള്ളവർക്കും അഞ്ചു വയസ്സ് വരെയുള്ളവർക്കും ഓരോ കേസ് അടിസ്ഥാനത്തിൽ ഒഴിവാക്കുന്നതിന് സ്ക്രീനിങ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. *പദ്ധതിയുടെ നേട്ടങ്ങൾ* പദ്ധതി ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് കുട്ടികൾക്ക് ശബ്ദലോകത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പലർക്കും സാധാരണ സ്കൂളുകളിൽ പഠിക്കാനും സഹപാഠികളുമായി സംവദിക്കാനും കഴിയുന്ന ഘട്ടം വരെ എത്തുവാനും ഈ പദ്ധതി സഹായിച്ചു. കേൾവിയില്ലായ്മ മൂലം സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുന്ന കുട്ടികളെ വീണ്ടും സമന്വയ ജീവിതത്തിലേക്ക് നയിക്കാൻ ഈ പദ്ധതി നിർണായകമായി മാറിയിട്ടുണ്ട്. *പദ്ധതിയേക്കുറിച്ച് ഉയരുന്ന പതിവ് ചോദ്യോത്തരങ്ങൾ* *എന്താണ് ശ്രുതിതരംഗം പദ്ധതി?* കുട്ടിക്കാലത്ത് തന്നെയോ ജന്മസിദ്ധമായതോ ശ്രവണശേഷി നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയും പിന്നീട് പരിശീലനവും നൽകുന്നു. ഈ പദ്ധതി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നടപ്പിലാക്കുന്നു. *ആരെല്ലാമാണ് ഈ പദ്ധതിക്ക് അർഹർ?* 5 വയസ്സിൽ താഴെയുള്ള, ഗുരുതരമായ ശ്രവണവൈകല്യമുള്ള കുട്ടികൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപെട്ടവർ *പദ്ധതിക്ക് അപേക്ഷിക്കുമ്പോൾ എത്ര രൂപ ചെലവാകും?* ഒരു രൂപയും ചെലവില്ല. ശസ്ത്രക്രിയ ഉപകരണങ്ങൾ, പരിശീലനം എന്നിവ അടക്കം എല്ലാം സൗജന്യമാണ്. *എന്തൊക്കെ സേവനങ്ങളാണ് ഈ പദ്ധതിയിൽ ലഭിക്കുക?* സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ 3 വർഷത്തേക്ക് ഓഡിറ്ററി വെർബൽ തെറാപ്പി (എവിറ്റി)ശസ്ത്രക്രിയക്ക് ശേഷമുള്ള ഫോളോ-അപ്പ് സേവനങ്ങൾ ശ്രവണ സഹായി, മാപ്പിങ് എന്നിവ ഉൾപ്പെടുന്നു. *പദ്ധതിയിൽ ഉൾപ്പെടാൻ എങ്ങനെ അപേക്ഷിക്കാം?* സർക്കാർ എംപാനൽ ചെയ്ത ആശുപത്രി വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. (വിവരങ്ങൾ: ഗോകുൽ മുരളി)

 

*കോക്ലിയർ ഇംപ്ലാന്റിനുശേഷം*

 

(1) മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് കാഴ്ച ശക്തി കുറഞ്ഞ കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റിനുശേഷമുള്ള കേഴ് വി സഹായികളും മറ്റ് ഉപകരണങ്ങളും നൽകുന്നതിനുള്ള പ്രോജക്ട് ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതാണെന്ന് സർക്കാർ നിർദ്ദേശമുള്ളതാണ്. (സബ്സിഡി മാർഗ്ഗ രേഖ - G.O(Ms)115/2022/ LSGD തീയതി 28.05.2022). അതനുസ്സരിച്ച് ഗ്രാമപഞ്ചായത്തിനെ/നഗരസഭയെ സമീപിക്കാം.

 

(2) കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ഒരു കുട്ടിയ്ക്ക് ഉപകരണങ്ങളുടെ കാലാകാലങ്ങളിലുള്ള റിപ്പയറിംഗിന് ഓരോ വർഷവും 50,000 രൂപ നിരക്കിൽ ധനസഹായം നൽകും. ഇതിനായി ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ അപേക്ഷ നൽകണം. (ആകെ കുട്ടികൾക്കു വേണ്ട തുക കണക്കാക്കി കുട്ടികളുടെ ലിസ്റ്റ് പഞ്ചായത്ത് /നഗരസഭ സാമൂഹ്യ സുരക്ഷാ മിഷന് നൽകും. മിഷനാണ് ഫണ്ട് അനുവദിക്കുക)